Friday, November 25, 2016

284. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (2-5) 25-11-16.

സുഹൃത്തെ,
ഞാൻ മനസ്സിലാക്കുന്ന ദൈവം ഈ പ്രപഞ്ചത്തെ സംവിധാനിക്കുക മാത്രമല്ല ചെയ്തത്. അനുനിമിഷം അതിനെ ചലിപ്പിച്ച് കൊണ്ടിരിക്കുന്നു. അവന്റെ വിധി തീരുമാനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അവനാകട്ടെ സകലവിധ ന്യൂനതകൾക്കും ദൌർബ്ബല്യങ്ങൾക്കും അതീതനാണ്. അസദൃശനാണ്. നിരാകാരനാണ്. അതുല്യനാണ്. അരൂപനാണ്. ഒരു കൂട്ടാളിയോ സഹായിയോ പങ്ക്കാരനോ ആവശ്യമില്ലാത്തവൻ. ഏതെങ്കിലും വർഗ്ഗത്തോടോ വംശത്തോടോ പ്രത്യേക ബന്ധങ്ങളൊന്നുമില്ലാത്തവൻ.
അന്നദാതാവ്, പരിപാലകൻ,  നിരീക്ഷകൻ എന്നീ നിലകളിലെല്ലാം തന്റെ മുഴുവൻ സൃഷ്ടികളോടും നിരന്തര ബന്ധമുള്ളവനുമാണവൻ.അവരുടെ പ്രാർത്ഥന കേൾക്കുകയും യഥാർഹം ഉത്തരം നല്കുകയും ചെയ്യുന്നവനാണവൻ.

മാത്രമല്ല, ജനന മരണങ്ങളുടെയും ഉപകാര ഉപദ്രവങ്ങളുടെയും സൌഭാഗ്യ നിർഭാഗ്യങ്ങളുടെയും ഏക ഉടമസ്ഥനും അവൻ തന്നെ. കൂടാതെ സൃഷ്ടികൾക്ക് അർഹമായ മാർഗ്ഗദർശനം നല്കുന്നുണ്ടവൻ. അവൻ മനുഷ്യർക്ക് പ്രവാചകന്മാർ വഴി നിയമനിർദ്ധേശങ്ങൾ നല്കുന്നു. അവ പൂർണ്ണമായി അനുസരിക്കുകയാണ് നാം ചെയ്യേണ്ടത്. വെറും ആരാധനകൾ അർപ്പിച്ചാൽ മാത്രം പോരാ....ജീവിതമപ്പാടെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാക്കണം.

മരണാനന്തരവും നമുക്ക് ജീവിതമുണ്ടെന്നും അവിടെ ഇവിടുത്തെ ജീവിതത്തെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തിട്ടുണ്ട്.
ഈയൊരവസ്ഥയിൽ മേൽ പറയപ്പെട്ട ഗുണഗണങ്ങളുടെ ഉടമയായ ഏകനായ ദൈവത്തിന് ഏത് തരത്തിലായാലും പങ്കാളിയെ കരുതുന്ന  ഒരുവിധ അനുഷ്ഠാനവും ജീവിത രീതിയും എന്നിൽ സംഭവിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധാലുവായിരിക്കും
                       (തുടരും).
=====================
By k s sulaiman ernakulam
9447372001
=====================