Saturday, October 15, 2011

ഏകദൈവത്വം,പ്രവാചകത്വം ,പരലോകം .... ഭാഗം 2

ജീവിക്കുന്ന മാതൃക   
                                                സാമൂഹ്യ ജീവിത രംഗത്ത് ലോകത്ത് ഇന്നേ വരെ മാതൃകയില്ലാത്ത ഒരു സമൂഹമായി മുസ്ലിങ്ങള്‍ മാറി .അവര്‍ സമൂഹത്തില്‍ നീതി നടപ്പാക്കി.നീതി നടപ്പാക്കുമ്പോള്‍ സ്വന്തം പുത്രന്നു എതിരാണെങ്കില്‍, സഹോദരന്നു എതിരാണെങ്കില്‍ നീതി നടപ്പാക്കാതിരുന്നവരല്ല അവര്‍   .നീതിയാണ് അവര്‍ക്ക് പ്രധാനം. അത് നാം കാണുകയാണ്.ഖലീഫ ഉമര്‍ , ഗവര്‍ണര്‍ തന്റെ മകന്‍ ചെയ്യുന്ന കൃത്യങ്ങള്‍ക് ഉത്തരവാദിയാണെന്ന് ബോധ്യപ്പെടുതിക്കൊണ്ട് ,ഗവര്‍ണരെയും മകനെയും മദീനയിലേക്ക് വിളിപ്പിച്ചു  വിചാരണ ചെയ്ത ചരിത്രം ഇന്ന് വിഖ്യാതമാണ് .അമ്രുബ്നുല്‍ ആസ് (റ)വിനെയും പുത്രനെയും അറിയാത്ത ഇസ്ലാമിക വിദ്യാര്‍ഥികള്‍ ഇല്ല.കാരണം മദീനയില്‍ വിളിച്ചു വരുത്തി പൊതുജനങ്ങളുടെ മുമ്പില്‍  വെച്ച് ഗവര്‍ണറുടെ പുത്രനെ അടിക്കൂ എന്നാണ് പറയുന്നത് .ഒരു പൌരനെ അനാവശ്യമായി പ്രഹരിച്ചതിന്റെ പേരില്‍ പകരം അടിക്കാനുള്ള നിര്‍ദേശം നല്‍കുന്നത് പരസ്യമായി ..എന്തിനു വേണ്ടി? സമൂഹത്തില്‍ നീതി നില നില്ക്കാന്‍  വേണ്ടി .ആ നീതി വളരെ വിലപ്പെട്ടതായി പരിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു .നിങ്ങള്ക്ക് ഒരു ജനതയോട്  വിദ്വെഷമുണ്ട്  എന്നത് അവരോടു നീതി ചെയ്യാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കളയരുത് .ആ നീതിയാണ്  മുസ്ലിങ്ങളിലൂടെ ലോകം കണ്ടത് .
                                             ഉമ്മര്‍ (റ) പറഞ്ഞു :ഇല്ല ഞാനിവിടെ നമസ്കരിക്കുകയില്ല.ഞാനിവിടെ നമസ്കരിച്ചാല്‍ നാളെ അവിവേകികളായ മുസ്ലിങ്ങള്‍ വന്നു ഇത് ഉമറുബ്നുല്‍ ഖത്താബ് നമസ്കരിച്ച സ്ഥലമാണ് .അത് കൊണ്ട് ഇത് ഞങ്ങള്‍ക്ക് പള്ളിയാക്കണമെന്നു  ആവശ്യപ്പെടും. അദ്ദേഹം ആ ആരാധനാലയം അവര്‍ക്ക് അവരുടേതായി നില നില്‍ക്കണം എന്ന് തന്നെ ഉദ്ദേശിച്ചു കൊണ്ട് മാറി പുറത്തു പോയി നമസ്കരിച്ചു . അതാണ് നീതി.
                                            ഭരണാധികാരി തന്റെ പൌരനെ എങ്ങനെ കാണണമെന്ന് മുസ്ലിങ്ങള്‍ ലോകത്തിനു  പഠിപ്പിച്ചു ..ഉമര്‍ (റ)ബൈതുല്‍ മഖ്‌ദിസിന്റെ ജയം ആഘോഷിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍, യാത്രയില്‍ അവര്‍ മാറിമാറി ഉപയോഗപ്പെടുത്തിയിരുന്ന വാഹനം ഭൃത്യന്‍ ഉപയോഗപ്പെടുത്തേണ്ട ഊഴമായപ്പോള്‍ ഭൃത്യന്‍ പറഞ്ഞു:നാം ഈ പട്ടണത്തിന്റെ സമീപത്താനുള്ളത്‌ .അതുകൊണ്ട് അമീറുല്‍  മുഅമിനീന്‍,താങ്കള്‍ തന്നെ വാഹനത്തിലിരിക്കണം.ഉമറുബ്നുല്‍ ഖത്താബ് പറഞ്ഞു:അങ്ങനെ ചെയ്യാന്‍ സാധ്യമല്ല;നാം മദീനയില്‍ നിന്ന് ബൈതുല്‍ മഖ്‌ദിസ് വരെയുള്ള യാത്രയില്‍ പാലിച്ചുപോന്ന ഒരു തത്വം ,ഇത് വരെ നാം രണ്ടു പേരും നടപ്പാക്കിയ തത്വം അതിവിടെ വെച്ച് ലങ്ഘിക്കാന്‍ കഴിയുകയില്ല .താങ്കള്‍ നടന്നു ക്ഷീണിച് ഇരിക്കുകയാണ് .ഞാന്‍ ഇത് വരെ വാഹനത്തില്‍ ഇരിക്കുകയായിരുന്നു.അത് കൊണ്ട് ഞാന്‍ നടക്കും .താങ്കള്‍ വാഹനത്തില്‍ ഇരിക്കും.ഖലീഫയും ഭ്രുത്യനും ബൈതുല്‍  മഖ്‌ടിസിലേക്ക് കയറി ചെല്ലുമ്പോള്‍ ഇസ്ലാമിക സൈന്യത്തിന്റെ പടനായകന്‍ഓടി വന്നു  സ്വീകരിക്കുന്നത് താഴെ നില്‍ക്കുന്ന മനുഷ്യനെയാണ്‌,വാഹനത്തിന്റെ മുകളിലുള്ള മനുഷ്യനെയല്ല ഇത് കണ്ടു ആയിരക്കണക്കിന് മനുഷ്യര്‍ ഒന്നിച്ചു ഒറ്റ ശബ്ദത്തില്‍ പറഞ്ഞു: ഇത് ആകാശ ലോകത്ത് നിന്ന് ദിവ്യബോധനം ആയി ലഭിക്കുന്ന നീതിയാണിത്  .ആ നീതിയാണ് നാം ഇപ്പോള്‍ ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്.  ഈ ഒരൊറ്റ  സംഭവം കൊണ്ട് അവരില്‍ ഒരുപാട് ആളുകള്‍ ഇസ്ലാമില്‍ ആകൃഷ്ടരായി.
                                              അവര്‍ നീതിയുടെ സാക്ഷികള്‍ ആയി.അവര്‍ സഹിഷ്ണുതയുടെ സാക്ഷികള്‍ ആയി.മറ്റുള്ളവരെ വെറുക്കുന്നതിനു പകരംസ്നേഹിക്കാന്‍ അവര്‍ മാതൃക കാണിച്ചു. പ്രയാസപ്പെടുന്നവരെ  ,കഷ്ടപ്പെടുന്നവരെ,അനാഥകളെ എവിടെ കണ്ടാലും അവര്‍ക്ക് താങ്ങും തണലുമായി      സംരക്ഷിക്കുന്നവരായിരുന്നു.മുസ്ലിങ്ങളുടെ സഹജീവികള്‍ക്ക് സ്നേഹം പകര്‍ന്നു നല്കുന്നവരായിരുന്നു.അതിനാല്‍ അവരെ എല്ലാവരും സ്നേഹിച്ചു അവര്‍ ചെന്ന് കയറുന്നിടത്തെല്ലാം അവര്‍ക്ക് സ്വാഗതം .അവരുമായി സംസാരിക്കുന്നവരെല്ലാം അവരുടെ സുഹൃത്തുക്കള്‍. ഇങ്ങനെ ലോകത്തിനു നീതിയും നിഷ്ഠയും സ്നേഹവും പരസ്പര സഹകരണവും കാഴ്ചവെച്ച ഉത്തമ സമുദായമാണ് മുസ്ലിങ്ങള്‍ .ജനങ്ങള്‍ക്ക്‌ വേണ്ടി നിയുക്തരായ ഉത്തമ സമുദായമെന്ന വിശേഷണം അവര്‍ക്ക് പൂര്‍ണമായും ഫിറ്റായിരുന്നു.
                                           അങ്ങനെ മുസ്ലിങ്ങള്‍ അവരുടെതായ സ്ഥാനം കയ്യെറ്റിയ ഒരു കാലം നമുക്കറിയാം .
ആ സ്ഥാനത് അവര്‍ ഇരിക്കുമ്പോള്‍ അവര്‍ എല്ലാവര്ക്കും  അനുഗ്രഹമായിരുന്നു.കാരണം അവര്‍ മുഹമ്മദ്‌ നബി (സ)യുടെ അനുയായികള്‍ ആയിരുന്നു.മുഹമ്മദ്‌ നബി പരിശുദ്ധ ഖുര്‍ആന്‍ നല്‍കിയ വിവരണം അനുസരിച്ച് മുഴുവന്‍ മനുഷ്യ രാശിക്കും അനുഗ്രഹമാണ് ,കാരുണ്യമാണ്.നാം റബീഉല്‍ അവ്വലിലും സാനിയിലും എല്ലാം ഇത് കേട്ട് കൊണ്ടേയിരിക്കുന്നു.ഇങ്ങനെ പറയുമ്പോള്‍ അതിന്റെ അര്‍ഥം എന്താണെന്ന് നാം ചിന്തിക്കാറില്ല എങ്ങനെയാണ് ആറാം  നൂറ്റാണ്ടില്‍ ജീവിച്ചുനമ്മെ വിട്ടുപോയ മുഹമ്മദ്‌ മുസ്തഫ തിരുമേനി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ മുന്നില്‍ ,എങ്ങനെയാണ് കാരുണ്യവും അനുഗ്രഹമായിത്തീരുക? എങ്ങനെയാണ് എന്റെ ശ്രോതാവ് അത് മനസ്സിലാക്കേണ്ടത്? തിരുമേനിയെ അയാള്‍ കണ്ടിട്ടില്ല,തിരുമേനിയോടൊപ്പം ജീവിച്ചിട്ടില്ല,തിരുമേനിയുടെ ഒരു നിര്‍ദേശവും എനിക്ക് കിട്ടിയിട്ടില്ല ,എന്നിരിക്കെ നിങ്ങള്‍ എങ്ങനെയ്യാണ് അവിടുന്ന് എനിക്ക് കാരുണ്യമാണ് എന്ന് പറയുന്നത്?നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുഹമ്മദ്‌ മുസ്തഫ (സ)മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹവും കാരുണ്യവും ആയാണ് നിയോഗിക്കപ്പെട്ടത്   .എങ്ങനെയാണ് മുഴുവന്‍ മനുഷ്യര്‍ക്കും കാരുണ്യം ആയതു ?ആ കാരുണ്യം തിര്മെനിയോടൊപ്പം ജീവിച്ചപ്പോള്‍ തിരുമേനിയുടെ അനുയായികള്‍ സ്വന്തമാക്കി .മുഹമ്മദ്‌ മുസ്തഫ (സ) ഒരു ജീവിത മാതൃക ആയിരുന്നു,പരിശുദ്ധ ഖുറാന്റെ ജീവിക്കുന്ന പതിപ്പായിരുന്നു തിരുമേനി.  ആയിഷ (റ ) പറഞ്ഞത് പോലെ തിരുമേനിയുടെ സ്വഭാവം, തിരുമേനിയെ കാണാത്തവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും ,ഖുര്‍ആന്‍ എന്താണോ പഠിപ്പിച്ചത് അതായിരുന്നു തിരുമേനിയുടെ സ്വഭാവം .നബി മനുഷ്യ വര്‍ഗത്തിന്റെ മുമ്പില്‍ ജീവിക്കുന്ന ഒരു മാതൃക ആവുകയും ആ മാതൃക നബിയുടെ സ്വഹാബികള്‍ ,പിന്നെ അവരുടെ അനുയായികള്‍ ,പിന്നെ അവരുടെ അനുയായികള്‍ .........ഇങ്ങനെ മുസ്ലിം ലോകം തലമുറകള്‍ക്ക്  തലമുറ  പകര്‍ന്നു കൊടുത്തുകൊണ്ട് ആ മാതൃക നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ ആണ് തിരുമേനി ലോകര്‍ക്കാകമാനം അനുഗ്രഹവും കാരുണ്യവും ആവുക   .അതാണ്‌ മുസ്ലിങ്ങള്‍. നിങ്ങള്ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട് എന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ആ ഉത്തമ മാതൃകയായി ലോക ജനതയ്ക്ക് മുമ്പില്‍ ജീവിക്കുന്ന സത്യത്തിന്റെ സാക്ഷികള്‍ ആണ് മുസ്ലിങ്ങള്‍ . 

                                                                                                                         (തുടരും )
    








Thursday, October 13, 2011

ഏകദൈവത്വം, പ്രവാചകത്വം,പരലോകം ....... .ഭാഗം 1

                                                                            ആമുഖം 
(ബഹുമാന്യ പണ്ടിതനായ എം വി  മുഹമ്മദ്‌ സലിം മൌലവി , മലപ്പുറം പുതനത്താനിയില്‍, തുടര്‍ച്ചയായ എട്ടു ദിവസങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലേഖനാവിഷ്കാരമാണ് ഇവിടെ ഇതള്‍ വിരിയുന്നത്.
തൌഹീദ്, രിസാലത്, ആഖിറത്തു  എന്നീ വിഷയങ്ങള്‍  ഖുര്‍ആന്‍, ഹദീസ്, സയന്‍സ് തുടങ്ങിയവയുടെ പിന്‍ബലത്തില്‍ വളരെ ലളിതമായ ശൈലിയിലും ആര്‍കും കാര്യങ്ങള്‍ ഗ്രഹിക്കാവുന്ന രൂപത്തിലും അവതരിപ്പിക്കുന്നു.   )                                 

                                              അനുഗ്രഹീതമായ  ഈ  സായം   സന്ധ്യയില്‍, വിശ്രുതമായൊരു ഭൂപ്രദേശത്ത്   അല്ലാഹുവിന്റെ ദീനിനെ കുറിച്ച് കേള്‍ക്കാന്‍ ,പഠിക്കാന്‍,ഗ്രഹിക്കാന്‍,അതിലൂടെ ജീവിതത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ സന്നദ്ധരായി സന്നിഹിതരായ നിങ്ങള്കേവര്‍ക്കും ഭാവുകങ്ങള്‍ .അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ ...........
                                              വിസ്മരിക്കപ്പെട്ട ചില പ്രധാന യാധാര്ത്യങ്ങള്‍ നാം ഓര്‍ത്തെടുക്കാന്‍ സമയം വൈകിയിരിക്കുന്നു .ആരാണ്  മുസ്ലിങ്ങള്‍? ഈ ഭൂമിയില്‍ ജീവിക്കുന്ന ഏറ്റവും ഭാഗ്യവാന്മാരായ മനുഷ്യരാണ്  മുസ്ലിങ്ങള്‍ . ഭൂമി ഇങ്ങനെ ജീവന്‍ നിറഞ്ഞതായി നിലനില്‍ക്കാന്‍ അല്ലാഹു നിര്‍ണയിച്ച സംവിധാനം അണുകിട പിഴക്കാതെ നിലനിന്നു പോരുന്നു. ഈ ഭൂമി അതിന്റെ രക്ഷിതാവിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിച്ച് കൊണ്ടിരിക്കുന്നു .ഭൂമിക്കു ചുറ്റും നാം കാണുന്ന ആകാശം അതിന്റെ രക്ഷിതാവിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിച്ച് കൊണ്ടിരിക്കുന്നു.ആ അനുസരനതോട് താദാത്മ്യം പ്രാപിച്ചു പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്നവരാന് മുസ്ലിങ്ങള്‍ .അതിനാല്‍ ഭൂമിയില്‍ ജീവിക്കുന്ന യഥാര്‍ത്ഥ ഭാഗ്യവാന്മാര്‍ ആണ് മുസ്ലിങ്ങള്‍. 
                                            മനുഷ്യ വര്‍ഗം അവരുടെ ജീവിതത്തില്‍ ഏത് വഴിയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന്  അല്ലാഹു അവനെ പഠിപ്പിച്ചു.അത് പഠിപ്പിക്കാനായി ആകാശ ലോകത്ത് നിന്ന് ദിവ്യ ബോധനം ഉണ്ടായി. വേദ ഗ്രന്ഥങ്ങള്‍ അവതരിച്ചു .ഭൂമിയില്‍ അവതരിച്ച വേദ ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉന്നതവും മഹത്തരവും ഉദാത്തവും ആയ വേദ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍ .ആ ഖുര്‍ ആനിന്റെ  അനുയായികള്‍ ആണ് മുസ്ലിങ്ങള്‍. മാനവരാശിക്ക് സത്യ ദീന്‍ പകര്‍ന്നു കൊടുക്കാന്‍ പ്രവാചകന്മാരുടെ പരമ്പര വന്നു. ആ പരമ്പരയുടെ പരിസമാപ്തി ആയിരുന്നു അശ്രഫുല്‍ ഖല്കു മുഹമ്മദ്‌ മുസ്തഫ (സ) . മുഹമ്മദ്‌ നബി തിരുമേനിയുടെ അനുയായികളാണ് മുസ്ലിങ്ങള്‍.
ഉത്തമസമുദായം
                                             ആ മുസ്ലിങ്ങളെ കുറിച്ച് നമ്മെ അഭിസംബോധന ചെയ്തു കൊണ്ട് അല്ലാഹു പറയുന്നു: ജനങ്ങള്‍ക്ക്‌ വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്‍ .ആധികാരികമായി മുസ്ലിങ്ങളെ ക്കുറിച്ച് അല്ലാഹു പറഞ്ഞതാണിത്.ജനങ്ങള്‍ക്ക്‌ വേണ്ടി നിയുക്തരായ ഉത്തമ സമുദായം .മുസ്ലിങ്ങളുടെ സാന്നിധ്യം മുഴുവന്‍ മനുഷ്യ രാശിക്കും ആവശ്യമാണ്‌ .അവരുടെ ദൌത്യം എന്തെന്നല്ലേ?നിങ്ങള്‍ നന്മ കല്പിക്കുന്നു;തിന്മ വിരോധിക്കുന്നു. നന്മ ഉണ്ടാക്കുകയും  തിന്മ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു സമൂഹം ലോകത്ത് എവിടെയുണ്ടെങ്കിലും അവരുടെ  സഹ ജീവികള്‍കെല്ലാം ആവശ്യമാണ്‌.കാരണം നന്മ മനുഷ്യ  വര്‍ഗ്ഗത്തിന്റെ ആവശ്യമാണ്‌; തിന്മ മനുഷ്യ വര്‍ഗ്ഗത്തിന്റെ നാശമാണ് .
                                            മുസ്ലിങ്ങള്‍ അല്ലാഹുവിന്റെ  നിര്‍ദേശം ശിരസ്സാവഹിച്ചു.ആദ്യമായി ഹിറയില്‍ നിന്ന്  മുഹമ്മദ്‌ നബിക്ക് ലഭിച്ച നിര്‍ദേശം വായിക്കുക ,വിജ്ഞാനം സമ്പാദിക്കുക,അറിവ് നേടുക എന്നൊക്കെയാണ് .അറിവ് നേടുന്നതിനു ഒരു അടിസ്ഥാനമുണ്ട് .ആ അടിസ്ഥാനത്തില്‍ അറിവ് നേടേണ്ടതുണ്ട് .സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ അറിവ് നേടുക.വായിക്കുക.ആ വായനയാണ് മുസ്ലിങ്ങള്‍ ലോകത്തിനു മുന്നില്‍ വായിച്ചത് .അല്ലാഹുവിന്റെ പേരില്‍ മനുഷ്യ രാശിക്ക് ആവശ്യമായതെല്ലാം അവര്‍ പഠിച്ചു .ആവശ്യമായ വിജ്ഞാനങ്ങള്‍ എല്ലാം അവര്‍ ശേഖരിച്ചു.അവര്‍ ലോകത്തിന്റെ ഗുരുനാഥന്മാരായി.ലോകത്തിനു അറിയാത്തത് ആരോട് ചോദിക്കണം എന്നാ ചോദ്യത്തിന് ഒരേ  ഒരുത്തരം മുസ്ലിം പണ്ടിതരോട് ചോദിക്കണം.ഇന്ന് ഇംഗ്ലീഷ് ഭാഷ അറിയാത്തവര്‍ സമൂഹത്തില്‍,നാഗരികതയില്‍ ഒന്നുമല്ലാത്തത് പോലെ മുസ്ലിം പണ്ഡിതന്മാരുടെ ഭാഷ,അറബി  അറിയാത്തവര്‍ ഒനുമാല്ലത്തവര്‍ ആയിരുന്നു അന്ന്.മുസ്ലിം പണ്ഡിതന്മാര്‍ എല്ലാ ശാസ്ത്ര ശാഖകളിലും നൈപുണ്യം നേടി.അവരില്‍ ഗോള ശാസ്ത്ര വിദഗ്ദര്‍ ഉണ്ടായി.ഭൂമി ശാസ്ത്ര വിദഗ്ദര്‍ ഉണ്ടായി.വൈദ്യ ശാസ്ത്ര വിദഗ്ദര്‍ ഉണ്ടായി.ഗണിത ശാസ്ത്രത്തില്‍ പുതിയ പുതിയ തത്വങ്ങള്‍ കണ്ടു പിടിച്ചു.ജ്യോമെട്രിയും എക്കനോമെട്രി യും വളരെ ശാസ്ത്രീയം ആയി അവതരിപ്പിച്ചു.മനുഷ്യ  ശരീരത്തെ കുറിച്ച് അവര്‍ ഗഹനമായി പഠിച്ചു .ബയോളജിയില്‍,അനാട്ടമിയില്‍ അവര്‍ രേഖപ്പെടുത്തിയ തത്വങ്ങള്‍ ഇന്നും വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തുന്നു. ഖാനൂന്‍ എന്ന ആ വിഖ്യാത ഗ്രന്ഥം അടുത്ത കാലം വരെ -ഇപ്പോഴുണ്ടോ എന്നെനിക്കുറപ്പില്ല-അടുത്ത കാലം വരെ നമ്മുടെ രാജ്യത്തു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ട ടെക്സ്റ്റ്‌ ബുക്കുകളില്‍ ഒന്നായിരുന്നു.അത് അറബി ഭാഷയില്‍ നിന്ന് ലോകത്തെ വിവധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു .അങ്ങനെ വൈജ്ഞാനിക രംഗത്ത് ഏറ്റവും ഉയര്‍ന്നു നിന്നു മുസ്ലിങ്ങള്‍ .                                                                        (തുടരും.....)