Thursday, June 20, 2013

മഴക്കാലത്ത് വായിക്കാൻ ,ആലോചിക്കാൻ:


                                                   നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന അതുല്യമായ ചിട്ടയും വ്യവസ്ഥയുമുള്ള മഴയുടെ ഈ സംവിധാനം, അതില്‍ പ്രകടമാകുന്ന യുക്തികളും താല്‍പര്യങ്ങളും, ഇതെല്ലാം ഈ ലോകം നിരര്‍ഥകമായും അലക്ഷ്യമായും നിര്‍മിക്കപ്പെട്ടതോ കോടാനുകോടി വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു വലിയ കളിയോ അല്ലെന്നും പ്രത്യുത, തികച്ചും ആസൂത്രിതമായ ഒരു സംവിധാനമാണെന്നും അതിലെ ഓരോ കാര്യവും ഒരു ലക്ഷ്യത്തിനും താല്‍പര്യത്തിനും വേണ്ടിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവിടെ മനുഷ്യനെപ്പോലെ ബുദ്ധിയും ബോധവും വിവേചനശക്തിയും കൈകാര്യ സ്വാതന്ത്യ്രവും ഉള്ള ഒരു സൃഷ്ടി-അവനില്‍ നന്മകള്‍ സംബന്ധിച്ച ധാര്‍മികാനുഭൂതി നിക്ഷിപ്തമായിരിക്കുന്നു. എല്ലാ നിലയിലുമുള്ള നല്ലതും ചീത്തയും അബദ്ധവും സുബദ്ധവുമായ കര്‍മങ്ങള്‍ ചെയ്യാന്‍ അവന് അവസരം നല്‍കപ്പെട്ടിരിക്കുന്നു- ഭൂമിയില്‍ തോന്ന്യാസങ്ങള്‍ ചെയ്യുന്നതിനായി അലക്ഷ്യനും അര്‍ഥശൂന്യനുമായി ഉപേക്ഷിക്കപ്പെടുക! അവനു നല്‍കപ്പെട്ട മനസ്സും മസ്തിഷ്കവും മറ്റു യോഗ്യതകളും ഈ ലോകത്ത് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി അവന് ഏല്‍പ്പിച്ചുകൊടുത്തിരുന്ന ഉപകരണങ്ങളും ഉപാധികളും എണ്ണമറ്റ ദൈവസൃഷ്ടികളെ കൈകാര്യം ചെയ്യാന്‍ അവനു ലഭിച്ചിരുന്ന സ്വാതന്ത്യ്രവും എല്ലാം എങ്ങനെ വിനിയോഗിച്ചുവെന്ന് വിചാരണ ചെയ്യപ്പെടാതിരിക്കുക, തികച്ചും സോദ്ദേശ്യവും വ്യവസ്ഥാപിതവുമായ പ്രപഞ്ചത്തില്‍ മനുഷ്യനെപ്പോലുള്ള ഈ മഹല്‍സൃഷ്ടി ഇത്ര നിരുദ്ദേശ്യവും സാരഹീനവുമാവുക സാധ്യമാണോ?
                                                     ബുദ്ധിയും ബോധവുമില്ലാത്ത സൃഷ്ടികളെ സംബന്ധിച്ചിടത്തോളം അവയുടെ സൃഷ്ടിലക്ഷ്യം ഈ ഭൌതികലോകത്ത് വെച്ചുതന്നെ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട്. അതിനാല്‍, അവരുടെ ജീവിതകാലം അവസാനിച്ചാല്‍ അവ പാഴായിപ്പോകുന്നത് യുക്തിസഹമാണ്. എന്തുകൊണ്ടെന്നാല്‍, അവയെ സംബന്ധിച്ചിടത്തോളം വിചാരണ പ്രസക്തമാകാന്‍, അവയ്ക്ക് യാതൊരുവിധ അധികാരവും സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടില്ല. എന്നാല്‍, ബുദ്ധിയും വികാരവും സ്വാതന്ത്യ്രവുമുള്ള സൃഷ്ടികളുടെ കര്‍മങ്ങള്‍ക്ക് കേവലം ഭൌതികമാനമല്ല ഉള്ളത്. ധാര്‍മികമാനവും കൂടിയുണ്ട്. ധാര്‍മികഫലങ്ങളുളവാക്കുന്ന കര്‍മങ്ങളുടെ ചങ്ങലയാവട്ടെ ജീവിതാന്ത്യം വരെ മാത്രമല്ല നീളുന്നത്. മരണാനന്തരവും അതിന്റെ ഫലങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉടമയായ മനുഷ്യന്‍ അവന്റെ ഭൌതിക പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതോടെ സസ്യങ്ങളെയും ജന്തുജാലങ്ങളെയും പോലെ പാഴായിപ്പോകാവതാണോ? ഇച്ഛാപൂര്‍വമായും സ്വതന്ത്രമായും ചെയ്ത നന്മതിന്മകള്‍ക്ക് അവന് നീതിനിഷ്ഠവും നിഷ്പക്ഷവുമായ പ്രതിഫലം ലഭിക്കേണ്ടതനിവാര്യമാകുന്നു. മറ്റു സൃഷ്ടികളില്‍നിന്ന് ഭിന്നമായി മനുഷ്യനെ സ്വാതന്ത്യ്രവും അധികാരവുമുള്ള ഒരു സൃഷ്ടിയാക്കി രൂപപ്പെടുത്തിയതിന്റെ താല്‍പര്യമാണത്. അവന്‍ വിചാരണ ചെയ്യപ്പെടാതെ, കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടാതെ, സ്വാതന്ത്യ്രവും ഇച്ഛാശക്തിയുമില്ലാത്ത സൃഷ്ടികളെപ്പോലെ ഭൌതികജീവിതം തീരുമ്പോള്‍ പാഴായിപ്പോകുന്നവനാണെങ്കില്‍ നിസ്സംശയം, അവന്റെ സൃഷ്ടി ഒരു പാഴ്വേലയാകുന്നു. എന്നാല്‍, തികഞ്ഞ യുക്തിമാനായ ഒരുവനില്‍ നിന്ന് പാഴ്വേലകള്‍ പ്രതീക്ഷിക്കാവതല്ലല്ലോ.
                                                               ഇതിനു പുറമേ പരലോകത്തിന്റെയും രക്ഷാശിക്ഷകളുടെയും സംഭവ്യതക്ക് ഈ നാലു പ്രാപഞ്ചിക പ്രതിഭാസങ്ങളെ പിടിച്ചാണയിട്ടതിന് മറ്റൊരു സാംഗത്യം കൂടിയുണ്ട്. മരിച്ചു ജീര്‍ണിച്ചുപോവുകയും മനുഷ്യന്റെ കോശങ്ങളെല്ലാം മണ്ണില്‍ കലര്‍ന്നു ചിതറിപ്പോകുകയും ചെയ്താല്‍ പിന്നെ, ആ ദ്രവിച്ചു ചിതറിപ്പോയ ശരീരഘടകങ്ങളെയെല്ലാം വീണ്ടും സമാഹരിച്ച് മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന സന്ദേഹത്തെ ആസ്പദമാക്കിയായിരുന്നു പരലോക നിഷേധികള്‍ മരണാനന്തര ജീവിതത്തെ അസംഭവ്യമായി കരുതിയിരുന്നത്. പരലോകത്തിന്റെ തെളിവുകളായി അവതരിപ്പിച്ച ഈ നാലു പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചാലോചിച്ചുനോക്കിയാല്‍ പ്രസ്തുത സന്ദേഹം സ്വയം ദൂരീകൃതമാകുന്നതാണ്. സൂര്യരശ്മികള്‍ അതിന്റെ താപമെത്തിച്ചേരുന്നിടത്തോളം ഭൂമിയിലെ ജലശേഖരങ്ങളിലഖിലം പ്രതികരണമുളവാക്കുന്നു. അതുവഴി ജലകണങ്ങള്‍ അവയുടെ സങ്കേതങ്ങളില്‍നിന്നുയര്‍ന്നുപോകുന്നു. എന്നാല്‍, അതു നശിച്ചുപോകുന്നില്ല. ഓരോ കണവും നീരാവിരൂപത്തില്‍ അന്തരീക്ഷത്തില്‍ സൂക്ഷിക്കപ്പെടുന്നു. പിന്നെ അവയെ മേഘങ്ങളാക്കി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പരത്തുന്നു. ദൈവനിശ്ചയപ്രകാരം കൃത്യസമയത്ത് അതിലെ ഓരോ തുള്ളിയും അവയുടെ പൂര്‍വരൂപത്തില്‍തന്നെ ഭൂമിയിലേക്ക് തിരിച്ചു വരുന്നു. മരിച്ചുപോയ മനുഷ്യന്റെ ശരീരഘടകങ്ങള്‍ ഒരു സൂചനകൊണ്ട് ഒരുമിച്ചുകൂട്ടാനും നേരത്തെ ഉണ്ടായിരുന്ന അതേ രൂപത്തില്‍ സംഘടിപ്പിക്കാനും അല്ലാഹുവിനു കഴിയുമെന്നതിന് അസന്ദിഗ്ധമായി സാക്ഷ്യം വഹിക്കുന്നു ഇത്. ആ ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ വായുവിലോ ആവട്ടെ ഭൂമിയിലും പരിസരത്തും തന്നെയാണുള്ളത്. വായുവില്‍ ചിതറിപ്പോയ നീരാവിയെ വായുമുഖേന തന്നെ സമാഹരിക്കുകയും ജലമായി വര്‍ഷിക്കുകയും ചെയ്യുന്ന ദൈവത്തിന് മണ്ണിലും വെള്ളത്തിലും ചിതറിപ്പോയ മനുഷ്യഘടകങ്ങള്‍ ശേഖരിക്കലും പുനഃസംഘടിപ്പിക്കലും ഒട്ടും പ്രയാസകരമാകേണ്ടതില്ലല്ലോ.
(വിശുദ്ധ ഖുറാൻ അദ്ധ്യായം 51 ,ആദ്യ ഭാഗത്ത്,തഫ്ഹീമുൽ ഖുറാനിലെ വിശദീകരണത്തിൽ നിന്ന് )